Wednesday, November 11, 2009

എനിക്ക് പ്രിയമായതെല്ലാമുള്ള എന്റെ ലോകം വിട്ടു ഞാന്‍ പടിയിറങ്ങുകയായിരുന്നു അന്ന്... തിരിഞ്ഞു നോക്കാന്‍ വെമ്പിയ മനസ്സിനെ അടക്കിപ്പിടിക്കുമ്പോള്‍ മിഴികളില്‍ നീര്‍ വറ്റുന്നത് അറിയുന്നുണ്ടായിരുന്നു. ഞാന്‍ പോലുമറിയാതെ എനിക്കെന്നെ തന്നെ കൈവിട്ട് പോകുന്നതറിയുമ്പോഴും, എന്നാല്‍ അങ്ങിനെയല്ല
എന്ന് തന്നെ തന്നെയും മറ്റുള്ളവരെയും വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ടുള്ള ഒരൂ യാത്രയായിരൂന്നു
പിന്നത്തേത്. അത്രമേല്‍ നോവുന്ന ആത്മാവിന് ചിരിയുടെ മുഖപടം ചാര്‍ത്തിയ (ആ) സാധാരണ
അഭിനയം... ഇനി ഒരിക്കല്‍ കൂടി ആ നൊമ്പരച്ചാലുകളിലൂടൊരു മടക്കയാത്ര ഓര്‍ക്കാന്‍ കൂടെ വയ്യ...
എങ്കിലും... ഉള്ളില്‍ നിറയുന്ന അക്ഷര സാഗരത്തെ തടഞ്ഞു നിര്‍ത്താനാവാത്തതിന്റെ നിസ്സഹായത ഈ
കുറിപ്പിനു കാരണമായിത്തീര്‍ന്നു...

കാലത്തിനും മുമ്പെ പറക്കുന്ന പക്ഷികള്‍ക്കിടയില്‍ ഒരുപാട് പുറകിലായിപ്പോയ രണ്ടുപേരുടെ കഥ
ആണിത്...
വഴി മാറി യാത്ര ചെയ്തവര്‍ ... ആരും വഴി കാണിക്കാനില്ലാതെ സ്വയം വെട്ടിയൊരുക്കിയ പാഥയിലൂടെ
യാത്ര ചെയ്യേണ്ടിവന്നവര്‍ ... ഞങ്ങള്‍ക്ക് വഴി കാട്ടുവാന്‍ വഴിവിളക്കുകളില്ലായിരുന്നു... ഞങ്ങളുടെ
പാഥയില്‍ സൂര്യനോ ചന്ദ്രനോ താരങ്ങളോ ഇല്ലായിരുന്നു... നല്ലതും ചീത്തയുമായ ചില സൌഹൃദങ്ങളുടെ
മിന്നാമിന്നി കൂട്ടം മാത്രം ചിലപ്പോള്‍ മാത്രം വിളക്കു കാട്ടി.
ആ രണ്ടു യാത്രികരില്‍ ഒരാള്‍ ഞാന്‍ , ഹിമ... രണ്ടാമത്തെയാള്‍ മനു...

യാത്രാരംഭം
കൊണ്ടുപോകാനുള്ള സാധനങ്ങള്‍ മുഴുവന്‍ ഞാന്‍ എന്റെ വലിയ ബാഗില്‍ അടുക്കി വച്ചു. ദില്ലിയില്‍
നിന്നും ഹരിയാനയിലെ ഗുഡ്ഗാവിലേക്ക് ഒരു മണിക്കൂര്‍ യാത്ര ഉണ്ട് . ഞാന്‍ അമ്മായിയുടെ (പപ്പയുടെ സഹോദരി) വീട്ടിലേക്ക് പോവുകയാണ്. മക്കളും ഭര്‍ത്താവും വിദേശത്തായതിനാല്‍ അവര്‍ അവിടെ ഒറ്റക്കാണ് താമസം. ആദ്യമായാണ് ഒറ്റക്ക് അവിടേക്ക് പോകുന്നത്. മുമ്പെല്ലാം പോകുമ്പോള്‍ ഏതെങ്കിലുമൊരു കൂട്ടുകാരി വരാറുണ്ടായിരുന്നു. ഇന്നു പക്ഷെ എല്ലാവരും നാളത്തെ വിവാഹത്തിന്റെ തിരക്കിലാണ്. എന്റെ രണ്ടുകൂട്ടുകാര്‍ക്കും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്...
പുതുതായി വാടകക്ക് എടുത്ത വീട് വൃത്തിയാക്കണം, അലങ്കരിച്ച് ഭംഗിയാക്കി വയ്ക്കണം, പിന്നീട് ബ്യൂട്ടി പാര്‍ലറില്‍ പോകണം, കൈകളില്‍ മൈലാഞ്ചി ഇടണം .... ഒരു നൂറു കൂട്ടം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് രാവിലെ രണ്ടാളും കൂടി പറയുന്നത് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, എന്റെ കൂടെ വരാന്‍ അവര്‍ക്കാവില്ല എന്ന്.

ഹോസ്റ്റലില്‍ നിന്നും ഇറങ്ങി നടക്കുമ്പോഴും ബസില്‍ ഇരിക്കുമ്പോഴും ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നത് എന്റെ കൊച്ചമ്മാവനെക്കുറിച്ചും വീടിനെപ്പറ്റിയുമായിരുന്നു. കൊച്ചമ്മാവന്‍ ഇന്നലെ എന്നെ നാട്ടില്‍ നിന്നും ഫോണ്‍ ചെയ്തിരുന്നു.
"എനിക്ക് നിന്നെ ഒന്ന് കണ്ടാല്‍ മതി...."
ഒരു മുറിവായി വാക്കുകള്‍ കാതുകളില്‍ നിന്നും ഹൃദയത്തിലേക്കൊഴുകുമെന്ന് ഞാനപ്പോളാണറിഞ്ഞത്. എന്റെ ശൈശവവും ബാല്യവുമെല്ലാം അമ്മവീട്ടിലായിരുന്നു. അമ്മൂമ്മ ആയിരുന്നു കുടുംബത്തിന്റെ ശക്തി കേന്ദ്രം. അമ്മച്ചിയുടെ ചുറ്റും വട്ടമിട്ടു പറക്കുന്ന ധ്രുവങ്ങളായിരുന്നു എന്റെ അമ്മ കൂടി ഉള്‍പ്പെടുന്ന മക്കള്‍ അഞ്ചുപേരും. അതിനിടയില്‍ ഉദിച്ചു വന്ന താരമായിരുന്നു ഞാന്‍ . എല്ലാവരുടേയും കളിക്കുട്ടി. അത്രമേല്‍ സ്നേഹിച്ചിരുന്നവരെ വിട്ട് ഞാനും വല്ലപ്പോഴും വിരുന്നുകാരിയെപ്പോലെ പോയ് വരും....